Friday, 6 April 2018

ഞാനും അവനും പിന്നെ നീയും



ചെറിയൊരു ആമുഖത്തിൽ മടുപ്പിക്കാതെ  തുടങ്ങാം.ഇത് രണ്ടു പേരുടെ കഥയാണ്. അതിലുപരി കഥയില്ലാതെ പോകുമായിരുന്ന ഒരു  വ്യക്തിയുടെ കഥയും.

            ആദ്യഭാഗം 

                                 അവനെന്നും ഞാൻ ഒരു ബാധ്യതയായിരുന്നു, സ്വർഗാരോഹണസമയത്തു  അർജ്ജുനനു  ദ്രൗപദിയോടെന്നപോലെ,  ചിലപ്പോൾ എന്റെ  തോന്നലാവാം അല്ലെങ്കിൽ ഒരു  വിഡ്ഢിയുടെ കണക്കുകൂട്ടലുകൾ .              പക്ഷെ അതായിരുന്നില്ല ഞാനും അവനും  ജനനം മുതലുള്ള ബന്ധം. എനിക്ക് അവനോടു  ഒരുതരത്തിൽ അസൂയയായിരുന്നു.  പലപല സ്വപ്‌നങ്ങൾ നെയ്തുകൂട്ടി കിടക്കുന്ന ഞാൻ പക്ഷേ   അവസാനനാളവും കത്തിത്തീരുമ്പോൾ ശക്തിയാർജിക്കാൻ വെമ്പിനിൽക്കുന്ന ഇരുട്ടിനെപ്പോലെ നിദ്ര വാരിപ്പുണരുന്ന  എന്റെ നിസ്സഹായതയുടെ അവസാന ചിത്രത്തിൽ അവന്റെ ചിരി അമ്പിളിമാമനെയെന്നപോലെ ഞാൻ കണ്ടിരുന്നു. എന്തിലും ഏതിലും  അവൻ ഒരുകാതം മുന്നിലായിരുന്നു, അവന്റെ  സ്വപ്നങ്ങളിലും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലും. ഞാനാവട്ടെ  ഒരു പരമ്പരാഗത പിന്തിരിപ്പൻ മൂരാച്ചിയും. അഞ്ചു മിനുട്ട് കൂടുതൽ കിടന്നുറങ്ങണം, പകൽകിനാവ് കണ്ടു ബ്രഷ് ചെയ്യണം പിന്നെ  ക്ലാസ്സിൽ  പരമാവധി  നേരം വൈകി എത്തണം. എന്നതിലൊക്കെയായിരുന്നു  എന്റെ ശ്രദ്ധ. അവൻ വായിൽവരുന്നതൊക്കെ എന്നെ വിളിക്കാറുണ്ട് പക്ഷെ നന്നാവാൻ സാധിക്കേണ്ടെ . ചിലമാറ്റങ്ങൾ വരുത്താനൊക്കെ ഞാൻ ശ്രമിക്കാത്തില്ലാതില്ല  പക്ഷെ ആവനോളമെത്തുമ്പോളേക്കും എന്നെ കിതപ്പ് പിടികൂടിയിരിക്കും. അതിനുകാരണം  അവൻപോലുമറിയാതെ ഞാൻ ഒളുപ്പിച്ചു വച്ച അപകർഷതാബോധവും മറ്റുള്ളവരെ നോക്കുമ്പോൾ സ്വയം ചെറുതായിപ്പോകുന്ന തോന്നലും.  ഒരുമാതിരി  കരയിലേക്ക് ചാടിയ മീനിനെ സ്നേഹം കാട്ടി കട്ടുതിന്നാൻ വരുന്ന ഉറുമ്പുകളെപ്പോലെ, മറ്റുള്ളവരുടെ കണ്ണുകളിൽ എന്നും ഞാൻ കണ്ടിരുന്നത് പുച്ഛവും ആർത്തിയും, എന്തും സ്വന്തമാക്കണം എന്നൊരുത്തരത്തിലുള്ള മനോഭാവവും ആയിരുന്നു. ഇവിടെയെല്ലാം എനിക്ക് തുണ അവനായിരുന്നു. എനിക്ക് അവനോടുള്ള അസൂയയൊന്നും അവനൊരു  വിഷയമേ അല്ലായിരുന്നു. എന്നെ  മുന്നിലോട്ട് നയിക്കുവാനും എന്റെ മൂരാച്ചിത്തരത്തെ അടിച്ചൊതുക്കാനുള്ള അവന്റെ പരിശ്രമങ്ങളുമായി ദിവസങ്ങളും  മാസങ്ങളും  കടന്നുപോയതറിഞ്ഞില്ല അതുമല്ലാതെ  എന്റെ വാലൊട്ട് നിവർന്നതുമില്ല.

ഭാഗം രണ്ട് 


പഠനകാലത്തെ അവസാനവർഷം പതിവുപോലെതന്നെ ഒരു സാധാരണ ദിവസം. കത്തിത്തീർന്നു അറബിക്കടലിലേക്കു ഊളിയിടുന്ന കാരണവർ . താഴെ ഭൂമിയിൽ എനിക്കുചുറ്റും ആ പഴയ  നിര. അവ പതിവിൽ കൂടുതൽ ആർത്തിയോടെ എന്തിനെന്നില്ലാതെ പരത്തുന്നു. ആ പതിവു നോട്ടത്തിനിടക്ക് എവിടെയോ നീയുണ്ടായിരുന്നു. ഒരു നിമിഷമോ അല്ലെങ്കിൽ അതിന്റെ പകുതിയെങ്കിലും നേരത്തേക്ക് എല്ലാം  ഒന്നു  നിശ്ചലമായതുപോലെ. ആ കണ്ണുകളിലെ നിഷ്കളങ്കതയിൽ മറ്റെല്ലാം ഞാൻ മറക്കുകയായിരുന്നു. ഇവിടെ  നീയും ഞാനും മാത്രം. നീയടുത്തില്ലെങ്കിൽ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ . ഫേസ്ബുക്കിൽ നീ വാട്സാപ്പിൽ നീ. നീ കത്തിപ്പടരുകയായിരുന്നു. ഓർമകളിൽ ചിന്തകളിൽ പിന്നെ എന്റെ സിരകളിലും.നീറുന്ന വേദനകളിൽ പ്രാണൻ നീയായപ്പോൾ ചിന്തകൾ വേദനയെ കൈവെടിഞ്ഞു. നിന്നിലേക്കുള്ള എന്റെ വീഴ്ച അതിനു പ്രകാശത്തേക്കാൾ  വേഗമായിരുന്നു. നീ കൂടെയുള്ളപ്പോൾ  പ്രഭാതത്തിൽ ഞാൻ വേഗമുണർന്നിരുന്നു. നിന്റെ നിഷ്കളങ്കതയിൽ കിരണങ്ങൾ പൊട്ടുകുത്താൻ പോയി. ഞാനും നീയുമായി ഒരു ലോകം പടുത്തുയർത്തി.  നീയെനിക്കുത്തന്ന രാജകിരീടത്തിൽ ഞാൻ മതിമറന്നു അഹങ്കരിച്ചു.  അപകർഷതാബോധത്തെ ഞാൻ ശിരഛേദനം ചെയ്തു. എന്റെ സിംഹാസനത്തിൽ ഞാൻ മറ്റുള്ളവരെക്കാൾ വലുതായി. എന്റെ സ്വർണകിരീടവും നീയും എന്നെ ആകാശത്തോളമുയർത്തി. എന്നെ നോക്കുന്ന കണ്ണുകളിലൊക്കെ ഞാൻ ഭയത്തെ കണ്ടു . നിന്റെ പ്രഭയിൽ അതെന്നിൽ ആനന്ദം കൊള്ളിച്ചു. എങ്കിലും  ചിന്തകൾ മന്ത്രിച്ചു ഒരുപക്ഷെ എനിക്കുവേണ്ടതെല്ലാം വാരിക്കോരിത്തരുന്ന ദേവത അല്ലെങ്കിൽ തക്കം പാർത്തിരിക്കുന്ന യക്ഷി, പക്ഷെ എന്റെ ചിന്തകളെ  നിന്റെ വിരലുകളാൽ നീ തഴുകിയുറക്കി  .

അവസാനഭാഗം                 

രക്തദാഹിയായ നീ അടുത്ത പാലമരത്തിലേക്ക് പറന്നുയർന്നു. വാനോളമുയർന്ന കൊട്ടാരത്തിന്റെ അടിത്തറ നീയായിരുന്നു. ഇപ്പോൾ നീയില്ല നിന്റെ കണ്ണുകളിലെ നിഷ്കളങ്കതയില്ല.നിന്റെ വാക്കുകളേറ്റ മുറിവിൽ രക്തം ചീന്തി . എന്തോ  തിരിച്ചറിവിന് വേഗത കുറവായിരുന്നു. ചിന്തകൾക്കിരട്ടിവേഗവും  . ആദ്യമെത്തിയ ചിന്തകൾ കൊണ്ട് ഞാൻ മറ്റൊരു കൊട്ടാരം പണിതീർത്തു . വീണ്ടുമൊരു ചക്രവർത്തിയായി അഭിനയം തുടങ്ങി. ഇപ്പോൾ എന്നെ നോക്കുന്ന കണ്ണുകളിൽ തളംകെട്ടിനിന്നതു സഹതാപമായിരുന്നു. പതിയെ കണ്ണീരിന്റെ ചൂടിൽ ചിന്തകൾ ഉരുകിത്തുടങ്ങി. വൈകിയാണെങ്കിലും ചിന്തകളെ  തകർത്തെറിഞ്ഞു  തിരിച്ചറിവു രക്ഷകനായി. അതിന്റെ പ്രഭയിൽ  എന്റെ കണ്ണുകൾ പരത്തിയത് അവനെയായിരുന്നു. മുമ്പെപ്പോളൊ മാഞ്ഞുപോയൊരു രൂപം. തെറ്റുകൾ എന്റേതുമാത്രമായിരുന്നു. എന്തിലും  പതറാതെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്നെയായിരുന്നു അവൻ.   മറവി   എന്നെയായിരുന്നു  പിടികൂടിയത്. അവനെ മറന്ന് അവന്റെ വാക്കുകളെ മറന്ന് ലക്ഷ്യത്തിൽ  കാലിടറി.
                  വീണ്ടും എണ്ണിത്തുടങ്ങാൻ ഒന്നു പുറകിലേക്ക് ചായാൻ കാലത്തിനു മടി. ഇപ്പോൾ  ഞാൻ ഓടുകയാണ്  ലക്ഷ്യം തെറ്റാതെ നടക്കുന്ന അവനിലേക്ക്, അതിനിടയിൽ ഇനിയും നീ വന്നേക്കാം പലഭാവങ്ങളിൽ പലമുഖങ്ങളിൽ നിഷ്കളങ്കതയുടെ  പ്രഭയുമായി. ഇനി നിനക്ക് തരാൻ ഒരു  പുഞ്ചിരി ഇത്തിരി പുച്ഛത്തിൽ കോർത്തിണക്കി. കാലം മായ്ക്കാത്ത പാടുകളുണ്ടെങ്കിൽ അത് നീയായിരിക്കും. അതിനുള്ളിൽ നിന്റെ മുഖമൂടി അണിഞ്ഞ സ്നേഹവും. 





















  


No comments:

Post a Comment

ഇനി പോലീസ് നിങ്ങളുടെ വഴി തടഞ്ഞാൽ "Hey Siri" എന്നു പറയു

2018 ൽ സമാരംഭിച്ച “Shortcuts” എന്ന് വിളിക്കുന്ന ആപ്പിൾ ഉപയോക്താക്കൾക്കായി പ്രത്യേകമായി ലഭ്യമായ ഒരു സവിശേഷത, ഐഫോണിന്റെ ആർട്ടിഫിഷ്യൽ  ഇന്റലിജൻ...